ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി തമിഴ്‌നാട്ടിൽ കനത്ത മഴ. വെല്ലൂരില്‍ വീടിനുമുകളില്‍ മതില്‍ ഇടിഞ്ഞു വീണ് ഒന്‍പത് പേര്‍ മരിച്ചു.ഇന്ന് രാവിലെ 6.30 ഓടെ പേരണംപേട്ട് ടൗണിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.സമീപത്തെ മതില്‍ തകര്‍ന്ന് വീടിന് മുകളില്‍ വീഴുകയായിരുന്നു. പാലാര്‍ നദി തീരത്തെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. കനത്ത മഴയില്‍ നദി കരകവിഞ്ഞ സാഹചര്യത്തില്‍ ഇവിടെ നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മാറി താമസിക്കാന്‍ തയ്യാറാകാതിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.ഇവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, തിരുപ്പട്ടൂര്‍, ഈറോട്, സേലം ജില്ലകളില്‍ അടുത്ത 12 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.