പാലക്കാട്; ആളിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് തമിഴ്നാട്. ഇതോടെ പാലക്കാട് ജില്ലകളിലെ പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി.വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളും അടച്ചത്. ഷട്ടറുകൾ മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.ചിറ്റൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് മേഖലയിലുണ്ടായത്.ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് ആളിയാർ ഡാം തുറന്നത്. സെക്കൻഡിൽ ആറായിരം ഘനയടി വെള്ളം പുറത്തുവന്നതോടെ പാലക്കാട് ചിറ്റൂർ, യാക്കര പുഴകളിൽ വെള്ളം നിറഞ്ഞൊഴുകിയിരുന്നു. അപ്രതീക്ഷിതമായി വെള്ളം എത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.