ന്യൂഡൽഹി:രാജ്യത്ത് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നു. എന്നാല്‍ ചിലര്‍ക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി. ഈ നിയമങ്ങള്‍ ആത്മാര്‍ത്ഥമായാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും മോദി വ്യക്തമാക്കി. കര്‍ഷകരുടെ പ്രയത്നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്നും, കര്‍ഷകരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഷകരോട് ക്ഷമ ചോദിക്കുന്നുവെന്നും, കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകരുടെ വിജയമാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ പ്രതികരിച്ചു. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയവും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം വേണം. സമരത്തില്‍ മാറ്റം വരുത്തുന്നതില്‍ കൂടിയാലോചന നടത്തുമെന്നും കിസാന്‍ സഭ അറിയിച്ചു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ നടപടികള്‍ ഉണ്ടാവും.കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.