Kerala, News

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 141 അടിയായി; രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിർദേശം

keralanews water level in mullapperiyar dam rises to 141 feet two spillway shutters opened

ഇടുക്കി:കനത്ത മഴയെ തുടർന്ന് വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയർന്നു.രാവിലെ 5.30ഓടെയാണ് ജല നിരപ്പ് 141 അടിയിലേക്ക് എത്തിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. രാവിലെ എട്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.772 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.രാവിലെ ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്‍കി കഴിഞ്ഞാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ മഴ മാറിനില്‍ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബുധനാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമും തുറക്കാന്‍ തീരുമാനമായി. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും.ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Previous ArticleNext Article