കണ്ണൂര്‍:തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി. സംഭവത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നാലു പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള 12 പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുള്ളത്. സര്‍സയ്യിദ് കോളേജ് പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇക്കഴിഞ്ഞ അഞ്ചിനാണ് തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശിയായ ഷഹസാദ് മുബാറക് റാഗിങ്ങിനിരയായത്. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന് പരാതി നല്‍കി. തുടര്‍ന്ന് പ്രിന്‍സിപ്പാളുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരു വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.മൂന്നാം വര്‍ഷ സ്റ്റാറ്റിസ്റ്റിക് വിദ്യാര്‍ത്ഥി കെ.പി.മുഹമ്മദ് നിദാനെയാണ് പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്തത്.തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടികളടക്കം 12 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശുചിമുറിയില്‍ വെച്ചും നിസ്‌കാരം കഴിഞ്ഞ് വരുന്നതിനിടെ കുന്നിന്‍ മുകളില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തലക്കും ചെവിക്കുമാണ് ഷഹ്‌സാദിന് അടിയേറ്റത്. സംഭവത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.