തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിലുണ്ടായ കനത്ത മഴയിൽ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.കോട്ടയം എരുമേലി കണ്ണമലയിലാണ് ഉരുൾപൊട്ടിയത്.കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.അപകടത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞ് വീണ് പൂർണ്ണമായും തകർന്നു. മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഒരു സ്ത്രീ അപകടത്തിൽപ്പെടുകയും അവരെ രക്ഷപെടുത്തുകയും ചെയ്തിരുന്നു. കോട്ടയത്തെ മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ്.പത്തനംതിട്ടയില്‍ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടി. കൊക്കാത്തോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്നാണ് കരുതുന്നത്. അഞ്ചോളം വീടുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് വലിയ കൃഷി നാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ അതിശക്തമാകുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.