Kerala, News

നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

keralanews incident of actor joju georges car destroyed verdict on congress leaders bail application today

കൊച്ചി:കൊച്ചിയിൽ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ കാർ തല്ലിത്തകർത്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ജാമ്യാപേക്ഷയില്‍‌ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. നിലവിൽ കാക്കനാട് സബ്ജയിലിലാണ് പ്രതികൾ. കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി ചൊവ്വാഴ്ച മരട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന് നടന്റെ കാർ തകർത്തതും മറ്റൊന്ന് ഗതാഗത തടസം സൃഷ്ടിച്ചതുമാണ്. സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. നവംബർ ഒന്നിന് വൈറ്റിലയിലായിരുന്നു കേസിനാസ്പദമായ സംഭവം.ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

Previous ArticleNext Article