Kerala, News

പെട്രോൾ,ഡീസൽ വില; കേരളം നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി

keralanews petrol and diesel prices finance minister says kerala will not reduce taxes

തിരുവനന്തപുരം:കേന്ദ്രം പെട്രോൾ, ഡീസൽ നികുതി കുറച്ചതിന് ആനുപാതികമായി കേരളം കുറയ്‌ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാവിലെ മാദ്ധ്യമങ്ങളോടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. നികുതി കുറക്കാന്‍ കേരളത്തിന് പരിമിധിയുണ്ട്.സംസ്ഥാനം കടുത്ത സാമ്പത്തിക  പ്രതിസന്ധിയിലാണ്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്.കേന്ദ്രം കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടപ്പിലാവണമെങ്കില്‍ ഖജനാവില്‍ പണം വേണം. ഇത് പോലുള്ള നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.കേരളത്തിന്റെ എല്ലാ കാര്യങ്ങളും പെട്രോൾ, ഡീസൽ വിലയെ അടിസ്ഥാനമാക്കിയാണ്. കെഎസ്ആർടിസിക്ക് പോലും പ്രതിദിനം ഒന്നരകോടി രൂപയുടെ നഷ്ടമാണെന്നും സംസ്ഥാന സർക്കാരിന്റെ മുഴുവൻ ചെലവുകളും ഇതുപോലെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ഒരു ആർട്ടിക്കിളിൽ സംസ്ഥാനങ്ങൾക്ക് നികുതി കൊടുക്കണ്ടാത്ത പ്രത്യേക നികുതി ഈടാക്കാനുളള വ്യവസ്ഥയുണ്ട്. അതിൽ നിന്നാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കേന്ദ്രം കുറച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവും വില കുറയ്‌ക്കണമെന്ന് പറഞ്ഞാൽ സാധിക്കില്ല.ജനങ്ങളുടെ ആവശ്യമാണ് നികുതി കുറയ്‌ക്കുകയെന്നത്. അതിൽ തർക്കമില്ലെന്ന് സമ്മതിച്ച മന്ത്രി ആറ് വർഷമായി കേരളത്തിൽ പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം കേന്ദ്രസർക്കാർ നികുതി കുറച്ചതിന് പിന്നാലെ ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചിരുന്നു.

Previous ArticleNext Article