India, News

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം

keralanews aryan khan got bail in the case of drug party in luxury ship

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം.25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്.ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാത്രം പൂര്‍ത്തിയാകുകയുള്ളു എന്നതിനാല്‍ അതുവരെ ആര്യന് ജയിലില്‍ തന്നെ തുടരേണ്ടതായി വരും.ഈ മാസം എട്ടു മുതല്‍ ആര്യനും സംഘവും മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ഇതിനുമുന്‍പ് മൂന്നുതവണ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തെ വാദംകേള്‍ക്കലിന് ഒടുവിലാണ് വ്യാഴാഴ്ച ജാമ്യം നല്‍കിയത്.ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‌സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടു.എന്നാല്‍ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.

Previous ArticleNext Article