Kerala, News

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

keralanews cyclone forms in bay of bengal central meteorological department warns of thundershowers in the state till saturday

തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 30 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെ 11 ജില്ലകളിലും യെലോ അലേര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേയിന്ത്യയില്‍ നിന്നും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയതായും തുലാവര്‍ഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

Previous ArticleNext Article