കണ്ണൂര്‍: ഭൗമ വിവരസാങ്കേതികവിദ്യ (ജി.ഐ.എസ്) അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോര്‍പറേഷനായി കണ്ണൂര്‍. കോര്പറേഷന് പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും റോഡുകളും ലാന്‍ഡ് മാര്‍ക്കുകളും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും വെബ് പോര്‍ട്ടലില്‍ ആവശ്യാനുസരണം തിരയാന്‍ സാധ്യമാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയത്.നഗരാസൂത്രണവും വാര്‍ഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കലും ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. കൃഷിഭൂമി സംരക്ഷണം, മാലിന്യ സംസ്കരണം, റോഡുകളുടെ വികസനം, ഡാറ്റബാങ്ക് പരിധിയില്‍ നിര്‍മാണങ്ങള്‍ തടയല്‍ തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കാനാവും.തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ജീവവൈവിധ്യ മേഖലകള്‍ എന്നിവയുടെ സംരക്ഷണവും ഉറപ്പുവരുത്താം. ജലമലിനീകരണം കുറക്കാനാവും. കോവിഡ് കാരണം ചെറിയ കാലതാമസം നേരിട്ടെങ്കിലും ഡ്രോണ്‍സര്‍വേ, ഡി.ജി.പി.എസ് സര്‍വേ, ജി.പി.എസ് സര്‍വേ, പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടുകൂടിയുള്ള കെട്ടിട സര്‍വേ തുടങ്ങിയ വിവിധ പ്രവൃത്തികളിലൂടെ കോര്‍പറേഷന്റെ മുഴുവന്‍ വിവരങ്ങളും വെബ്പോര്‍ട്ടലില്‍ ലഭ്യമാണ്.യു.എല്‍.ടി.എസാണ് പോര്‍ട്ടല്‍ തയാറാക്കിയത്. നഗരാസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനം, നിര്‍വഹണം, ക്ഷേമ പദ്ധതികള്‍ ഏറ്റവും അര്‍ഹരായവരില്‍ എത്തിക്കുക എന്നിവ പോര്‍ട്ടലിന്റെ സഹായത്തോടെ സാധ്യമാകും. സാമ്പത്തികമായ കാര്യങ്ങളിലും പുതിയ സംവിധാനം സഹായകമാകും. നികുതിപരിധിയില്‍ വരാത്ത കെട്ടിടങ്ങളും അനധികൃത നിര്‍മാണം കണ്ടെത്താനും നടപടിയെടുക്കാനുമാവും.ജി.ഐ.എസ് അധിഷ്ഠിത കണ്ണൂര്‍ കോര്പറേഷന് പ്രഖ്യാപനം ചേംബര്‍ ഹാളില്‍ കെ. സുധാകരന് എം.പി നിര്‍വഹിച്ചു. മേയര്‍ ടി.ഒ. മോഹനന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, മുന്‍ മേയര്‍മാരായ സുമ ബാലകൃഷ്ണന്, സി. സീനത്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ജി.ഐ.എസ് ഹെഡ് ജയിക് ജേക്കബ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍ മുസ്ലിഹ് മഠത്തില്‍, സെക്രട്ടറി ഡി. സാജു തുടങ്ങിയവര്‍ സംസാരിച്ചു.