തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതിനിടെ സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുന്‍കൂര്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകൾ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 31 ന് മുൻപ് ഇത് സംബന്ധിച്ച് കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.