ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. വെദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അണക്കെട്ട് തുറന്നത്.ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഒരു സെക്കന്റിൽ 30,000 ലിറ്റർ വെള്ളമാണ് മൂന്നമത്തെ ഷട്ടർ വഴി ഒഴുക്കിക്കളയുന്നത്. വെള്ളം ആദ്യം ചെറുതോണി ടൗൺ ഭാഗത്തേക്കാണ് എത്തുക. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.