Kerala, News

പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക്; കൊറോണ ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാരിന്റെ ധനസഹായം

keralanews 5000 rupees per month for three years state government financial assistance to the dependents of those who died of corona

തിരുവനന്തപുരം:കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട വ്യക്തികളുടെ ആശ്രിതര്‍ക്ക് സമാശ്വാസ സഹായവുമായി സംസ്ഥാന സർക്കാർ.നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എൽ. കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.സാമൂഹികക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് സഹായം ലഭിക്കുന്നതിന് അയോഗ്യതയാവില്ല.വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ വച്ച്‌ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കും. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറായി മൂന്നു വർഷത്തേക്കാണ് നൽകുക.ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും യോഗം തീരുമാനിച്ചു.ഒറ്റ പേജിൽ ലളിതമായ ഫോറത്തിൽ അപേക്ഷ സമർപ്പിക്കാൻ ആശ്രിതർക്ക് കഴിയണം. ഇതിനാവശ്യമായ തുടർ നടപടികൾക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടറെയും റവന്യൂ അധികാരികളെയും ചുമതലപ്പെടുത്തും. അപേക്ഷിച്ച് പരമാവധി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്.

Previous ArticleNext Article