കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്.മറ്റ് രണ്ട് കുറ്റങ്ങള്‍ക്ക് 10 വര്‍ഷം തടവും ഏഴ് വര്‍ഷം തടവു ശിക്ഷയുമാണ് പ്രതിക്ക് ലഭിക്കുന്നത്. 17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.പ്രതിയുടെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്നും പ്രതിയെ ഒഴിവാക്കിയത്.കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. പണം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. 2020 മേയ് ആറിനാണ് ഉത്ര പാമ്പു കടിയേറ്റു മരിച്ചത്. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്.പാമ്പ് കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കൽ പോലീസ് എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാകുന്നത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്പിയെ സമീപിച്ചതോടെയാണ്. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. വിധി പ്രസ്ഥാവം കേള്‍ക്കാന്‍ ഉത്രയുടെ സഹോദരന് വിഷു, അന്വേഷണ ഉദ്യോഗസ്ഥന് എ അശോക് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. ഉത്രയുടെ അച്ഛന് വിജയസേനനും കോടതിയില്‍ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.