Kerala, News

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു;ഏത് പ്രതിസന്ധിയും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്ന് ഡിജിപി

keralanews rainfall is getting stronger in the state dgp said police should be ready to face any crisis

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി ഡിജിപി അനിൽകാന്ത്. ഏത് പ്രതിസന്ധിഘട്ടവും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്നും കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കണമെന്നും ഡിജിപി നിർദേശിച്ചു.അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അനില്‍കാന്ത് പറഞ്ഞു.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട്, എന്നീ ജില്ലകളിലെ നദികളിൽ എല്ലാം ജല നിരപ്പ് ഉയർന്നു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്നാണ് സംസ്ഥാനത്ത് അതിശക്തമായ മഴ അനുഭവപ്പെടുന്നത്.

Previous ArticleNext Article