Kerala, News

അറബിക്കടലില്‍ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായ സംഭവം; കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ കടലില്‍ തിരച്ചില്‍ തുടരുന്നു

keralanews incident of weather monitoring machine missing in arabian sea search continues in kasargod and kannur areas

കണ്ണൂർ :അറബിക്കടലില്‍ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായ സംഭവത്തിൽ കാസര്‍കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ കടലില്‍ തിരച്ചില്‍ തുടരുന്നു.സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതിനുമായി ഒരു വര്‍ഷം മുൻപാണ് കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് ബോയ എന്നുപേരുള്ള ഈ യന്ത്രം ലക്ഷദ്വീപ് തീരത്തിനടുത്ത് സ്ഥാപിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെന്‍സറുകളും, ഇതിനാവശ്യമായ ഊര്‍ജ്ജത്തിനായി സോളാര്‍ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബോയ് എന്ന് വിളിക്കപ്പെടുന്ന വേവ് റൈഡര്‍ ബോയ്.ഇതില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇലക്‌ട്രോണിക് സിഗ്നലുകളായി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. കടല്‍പ്പരപ്പിന് മുകളില്‍ ഒഴുകി നടക്കുന്ന രീതിയിലാണ് ഇവ കാണപ്പെടുക. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോണ്‍ കയറുകളോ ഉപയോഗിച്ച്‌ കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുണ്ട്. കോടികള്‍ വില മതിക്കുന്നതാണ് ഈ ഉപകരണം.കഴിഞ്ഞ ജൂലൈ മുതലാണ് ബോയയെ കാണാതായത്. നങ്കൂരം വിട്ട് കടലില്‍ ഒഴുകുകയായിരുന്നുവെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ട്രാക് ചെയ്യാനും സാധിക്കുന്നില്ല. ദിവസങ്ങള്‍ക്ക് മുൻപ് മലപ്പുറത്തെ ചില മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ ഇതു കണ്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഉദ്യോഗസ്ഥരാണ് കടലില്‍ തിരച്ചില്‍ വ്യാപകമാക്കാന്‍ തീരുമാനിച്ചത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം.ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ബോയയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും മീന്‍പിടുത്ത തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കണ്ടുകിട്ടിയാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് ബോയ കെട്ടിവലിച്ചുകൊണ്ടുവരാമെന്നും പൂര്‍ണ ചെലവ് വഹിക്കാമെന്നും ഇന്‍സ്റ്റിറ്റ്യൂട് അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article