Kerala, News

ചിട്ടി തട്ടിപ്പ്; പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകർ നിരാഹാര സമരം നടത്തുന്നു

keralanews chit scam investors go on a hunger strike in front of the peravoor house building society

കണ്ണൂര്‍: ചിട്ടി തട്ടിപ്പ് നടന്ന പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിക്ക് മുന്നില്‍ നിരാഹാര സമരം നടത്താനൊരുങ്ങി നിക്ഷേപകര്‍. ഇന്ന് മുതല്‍ അഞ്ച് ദിവസം റിലേ സത്യഗ്രഹം നടത്താനാണ് തീരുമാനം. സൂചനാ സമരമെന്ന രൂപത്തിലാണ് നിരാഹാരം നടത്തുന്നതെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും നിക്ഷേപകര്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പേരാവൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളെത്തി.അതേസമയം സൊസൈറ്റി സെക്രട്ടറി പി വി ഹരികുമാറിനോട് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ സഹകരണ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായില്ല. ഹരികുമാറിനെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രദോഷ് കുമാര്‍ പറഞ്ഞു. പണം ആരെങ്കിലും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ നിക്ഷേപമായി ചിട്ടി വഴി സ്വീകരിച്ച പണം ശമ്പളത്തിനും മറ്റുമായി വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിട്ടി നടത്തിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ്. സെക്രട്ടറിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം സഹകരണ വകുപ്പിനുണ്ട്. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഈ മാസം 15 നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രദോഷ് കുമാര്‍ പറഞ്ഞു.

Previous ArticleNext Article