കൊച്ചി: അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധി.ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റാന്വേഷണ ചരിത്രത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായ ഉത്രവധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.302, 307, 328,201 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സമയത്ത് എങ്ങനെ കൊല്ലുമെന്നാണ് സൂരജ് ഫോണിൽ തിരഞ്ഞത്. സൂരജിനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. 2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്ബിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തിലേക്ക് അന്വേഷണമെത്തിയത്.തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. പൊലീസിനൊപ്പം സര്‍പ്പശാസ്ത്രജ്ഞരും വിഷയവിദഗ്ധരും അന്വേഷണത്തില്‍ പങ്കാളികളായി. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷില്‍ നിന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ വാങ്ങിയത്. കേസില്‍ വിധി പറയുന്നതോടെ മാപ്പുസാക്ഷിയായ സുരേഷ് ജയിന്‍ മോചിതനാകുമെന്നാണ് വിവരം. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപിച്ചത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങൾ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.
Kerala, News
ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഒക്ടോബര്‍ 13ന്
Previous Articleനടൻ നെടുമുടി വേണു അന്തരിച്ചു