ഡൽഹി: ലഖിംപുര്‍ കൂട്ടക്കുരുതിയില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആശിഷിനെ ആരോഗ്യപരിശോധനയ്ക്ക് കൊണ്ടുപോയതിന് ശേഷം തുടര്‍ന്ന് ജില്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പോലീസ് ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് പോലീസ് സമൻസ് നൽകിയിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്.ആശിഷിന്റെ വാഹനം സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര ആവർത്തിച്ചു. പ്രവർത്തകർക്ക് വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ആശിഷ് മിശ്ര പോലീസിനോട് വ്യക്തമാക്കി.അതി നാടകീയമായിട്ടാണ് രാത്രി പത്തരയ്ക്ക് ശേഷം അഭിഭാഷകനൊപ്പം പൊലീസിന് മുന്നിൽ കീഴടങ്ങാൻ ലഖിംപൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ആശിഷ് മിശ്ര എത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചു വന്ന ആശിഷ് മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലായിരുന്നു ചോദ്യം ചെയ്യൽ.