തിരുവനന്തപുരം: സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം പൂർത്തിയായതായി ആരോഗ്യമന്ത്രി വീണ ജോർജ്.ഒരു വ്യക്തിയുടെ ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് പ്രതിരോധ ശക്തി കണ്ടെത്തുകയാണ് സിറോപ്രിവലൻസിലൂടെ ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് സിറോപ്രിവലൻസ് പഠനം നടത്തിയതിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വരികയാണ്. പ്രാഥമിക റിപ്പോർട്ട് പൂർത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.സിറോപ്രിവലൻസിലൂടെ കണ്ടെത്തുന്ന പ്രതിരോധം രണ്ട് രീതിയിലൂടെയാണ് സംഭവിക്കുന്നത്. ഒന്ന് കൊറോണ പിടിപ്പെട്ട് കഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും മറ്റൊന്ന് വാക്സിനേഷനിലൂടെയും. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ 93 ശതമാനം പേരും സ്വീകരിച്ച സാഹചര്യത്തിലും രണ്ടാം തരംഗത്തിൽ നിരവധി പേർക്ക് രോഗം ബാധിച്ചതിനാലും കൂടുതൽ പേർക്ക് പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യത.രോഗം വന്നാലും പലർക്കും ഗുരുതരമാകാത്തത് വാക്സിൻ സ്വീകരിച്ചതിനാലാണ്. കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ കവചമാണ് വാക്സിൻ. അതിനാൽ ഗുരുതരമായ അലർജികൾ ഉള്ളവർ ഒഴികെ മറ്റാരും കുത്തിവെയ്പ്പെടുക്കാൻ വിമുഖത കാണിക്കരുതെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.