കണ്ണൂര്‍:മങ്ങാട്ടുപറമ്പിലെ ദൂരദര്ശന് റിലേ കേന്ദ്രത്തില്‍ നിന്നുള്ള സംപ്രേഷണം ഒക്ടോബര്‍ 31ഓടെ നിലക്കും. പഴയ അനലോഗ് സംവിധാനം അപ്രസക്തമായതോടെ നിലയത്തിന്റെ ആവശ്യമില്ലാതായെന്ന നിഗമനത്തിലാണ് അടക്കാനുള്ള തീരുമാനം വന്നത്. ഇതോടെ രാവിലെ 5.30 മുതല്‍ രാത്രി 12 മണിവരെ മലയാളം പരിപാടികള്‍ ഇവിടെ നിന്ന് റിലേ ചെയ്യുന്നത് നിലക്കും. 1985ലാണ് സംസ്ഥാനത്ത് ആദ്യമായി ദൂരദര്ശന് മെയിന്റനന്‍സ് സെന്റര്‍ കണ്ണൂരില്‍ സ്ഥാപിച്ചത്. ആദ്യം പള്ളിക്കുന്നില്‍ ആയിരുന്നെങ്കിലും റിലേ സ്റ്റേഷന് വന്നതോടെ പിന്നീട് മങ്ങാട്ടുപറമ്പിലേക്ക് മാറ്റി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഇതിന്റെ കീഴിലായിരുന്നു. മാങ്ങാട്ടുപറമ്പിലെ ദൂരദര്ശന് മെയിന്റനന്‍സ് സെന്ററിന് കീഴില്‍ വരുന്ന തലശ്ശേരി, കാസര്‍കോട് എല്‍.പി.ടികളും മാഹിയിലെ ട്രാന്‍സ്മിറ്ററും നിര്‍ത്തലാക്കിക്കഴിഞ്ഞു.നിലവില്‍ 13 ജീവനക്കാരാണ് മാങ്ങാട്ടുപറമ്ബിലെ കേന്ദ്രത്തില്‍ ഉള്ളത്. സംസ്ഥാനത്തെ 11 റിലേ സ്റ്റേഷനുകളും പൂട്ടുന്നതോടെ ജീവനക്കാരുടെ നിലനില്പും ആശങ്കയിലാണ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒട്ടേറെ സ്റ്റേഷനുകള്‍ ഇതിനകം പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയും ഈ വര്‍ഷാവസാനത്തോടെ അടച്ചു പൂട്ടാനാണ് കേന്ദ്ര നീക്കം. ഇനി ദൂരദര്ശന് പരിപാടികള്‍ ലഭിക്കാന്‍ ഡി.ടി.എച്ച് സംവിധാനത്തിലേക്ക് പോകേണ്ടിവരും.