Kerala, News

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; 53,031 പേര്‍ യോഗ്യത നേടി

keralanews state engineering entrance exam results announced 53031 qualified

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടുകയും ചെയ്തു. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭ്യമായിരിക്കും. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ തൃശൂര്‍ ,വടക്കാഞ്ചേരി സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്ക് നേടി. ഹരിശങ്കര്‍(കോട്ടയം), നയന്‍ കിഷോര്‍ നായര്‍(കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടിയിട്ടുണ്ട്. ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്.ഫാര്‍മസി, ആര്‍ക്കിടക്ച്ചര്‍ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ കല്ലായില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തേജസ്വിനി വിനോദ്(കണ്ണൂര്‍), അക്ഷര ആനന്ദ്(പത്തനംതിട്ട) എന്നിവ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷന്‍ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.സിബിഎസ്‌ഇ ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമ്മീഷണറുടെ വിശദീകരണം. എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പേപ്പറിലും 10 മാര്‍ക്കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് 10 എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനം നേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥയില്ല.

Previous ArticleNext Article