കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍(83) അന്തരിച്ചു.കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയവേ കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അര നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ശങ്കേഴ്‌സ് വീക്കിലി ,ജനയുഗം ,ബാലയുഗം ,കട്ട്കട്ട് ,അസാധു എന്നിവയിലും പ്രവര്‍ത്തിച്ചു. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി അധ്യക്ഷനായിരുന്നു. പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചു. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍.1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നര്‍മ്മ മാസികയില്‍ ദാസ് എന്ന പേരില്‍ വരച്ചു തുടങ്ങിയതാണ് യേശുദാസിന്റെ ജീവിതം. കിട്ടുമ്മാവനും, മിസിസ് നായരും (മിസ്റ്റര്‍ നായരും) പൊന്നമ്മ സൂപ്രണ്ടും എല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. എഞ്ചിനീയറാവാന്‍ കൊതിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍. മാവേലിക്കരയിലെ ഭരണിക്കാവാണ് സ്വദേശം. ജനയുഗത്തിലായിരുന്നു ആദ്യ വരച്ചു തുടങ്ങിയത്. 1961ല്‍ കൊല്ലത്ത് ജനയുഗത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി. മലയാള പത്ത്രതിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന ബഹുമതി അങ്ങനെ അദ്ദേഹം സ്വന്തമാക്കി. 1973ല്‍ കേരളം വിട്ട് ഡല്‍ഹിക്ക് പോയി. ശങ്കേഴ്‌സ് വീക്കിലിയില്‍ ചേര്‍ന്നു. ഏഴു കൊല്ലത്തിനു ശേഷം തിരിച്ചു വന്ന് രണ്ടും കൊല്ലം ജനയുഗത്തില്‍ തുടര്‍ന്നു.പിന്നീടാണ് സ്വന്തമായ പ്രസിദ്ധീകരണങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നത്.1985ല്‍ പ്രസിദ്ധീകരണങ്ങള്‍ നഷ്ടമായതോടെ മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. മനോരമയിലൂടെ അദ്ദേഹം ഒട്ടേറെ കാര്‍ട്ടൂണുകള്‍ വരച്ചു. ദി വീക്കിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു.