Kerala, News

കോഴിക്കോട് പോലൂരിൽ വീടിനുള്ളിലെ അജ്ഞാതശബ്ദത്തിന് കാരണം സോയില്‍ പൈപ്പിങ്; ഭൗമശാസ്ത്ര പഠനം നടത്തും

keralanews unknown noise inside the house in kozhikode polur is due to soil piping geological study will be conducted

കോഴിക്കോട്: പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിന് കാരണം സോയില്‍ പൈപ്പിങ്(കുഴലീകൃത മണ്ണൊലിപ്പ്).വീട് നില്‍ക്കുന്ന പറമ്പിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം തറക്ക് അടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാവുകയും ചെയ്യുന്നത് ശബ്ദത്തിന് കാരണമാവാം എന്നാണ് നിഗമനം.സ്ഥലത്ത് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായത്തോടെ ഭൗമശാസ്ത്ര പഠനം നടത്തും. വെള്ളിയാഴ്ച്ച രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ച ശേഷം കണ്ടെത്തലുകള്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണോ വീടിന്റെ നിര്‍മ്മാണം എന്നും പരിശോധിച്ചു. ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. സ്ഥലം എംഎല്‍എയും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റവന്യൂ മന്ത്രി വിദഗ്ദ സംഘത്തെ അയച്ചത്.വീട് നില്‍ക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പുറത്ത് വിടുന്ന മര്‍ദ്ദം, ഖനനം തുടങ്ങിയവയാണ് ശബ്ദം കേള്‍ക്കാനുള്ള മറ്റ് കാരണങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.പോലൂര്‍ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയില്‍ അധികമായി മുഴക്കം കേള്‍ക്കുന്നത്. ഫയര്‍ഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.

Previous ArticleNext Article