പാലാ:പ്രണയ നൈരാശ്യത്തെ തുടർന്ന് പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. നിധിനയെ കൊലപ്പെടുത്താന്‍ പ്രതിയായ അഭിഷേക് ഒരാഴ്ച മുൻപ് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി മൊഴിയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു. ഇതെല്ലാം സംഭവം ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അന്വേഷസംഘം വ്യക്തമാക്കുന്നു.അഭിഷേക് ബ്ലേഡ് വാങ്ങിയ ഈ കടയില്‍ അടക്കം പൊലിസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്റ് തോമസ് കോളേജിലും പ്രതി ബ്ലേഡ് വാങ്ങിയ കടയിലുമെത്തിച്ച് അഭിഷേകിനെ തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസമാണ് പാലാ സെന്റ് തോമസ് ക്യാംപസിനുള്ളില്‍ വെച്ച് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നിതിന കൊല്ലപ്പെട്ടത്.പരീക്ഷ കഴിയുന്നതു വരെ കാത്തുനിന്ന അഭിഷേക് മൂര്‍ച്ചയുള്ള പേനാക്കത്തി ഉപയോഗിച്ച് നിധിനയുടെ കഴുത്തിലെ ഞരമ്പറുക്കുകയായിരുന്നു.പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികളാണ് ഇരുവരും. സപ്ലിമെന്ററി പരീക്ഷയെഴുതാനാണ് രണ്ട് പേരും കോളേജിൽ എത്തിയത്. പരീക്ഷയ്ക്ക് ശേഷം അഭിഷേകും നിതിനയും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പ്രണയ നൈരാശ്യാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പോലീസിനോട് മൊഴി നൽകിയത്. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണെന്നും എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപ്പെടുത്തിയതാണെന്നും പ്രതി വെളിപ്പെടുത്തി.