തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോൾ ആദ്യ ദിവസങ്ങളില്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്ന് തീരുമാനം.വിദ്യാര്‍ഥികളുടെ സമ്മര്‍ദം അകറ്റാനുള്ള ഹാപിനെസ് ക്ലാസുകളായിരിക്കും ആദ്യ ദിവസങ്ങളില്‍ നടത്തുക. പിന്നീട് പ്രത്യേക ഫോകസ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല.ഹാപിനെസ് ക്ലാസുകളിലൂടെ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനകാലത്തെ സമ്മര്‍ദം ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രവേശനോത്സവം മാതൃകയില്‍ കുട്ടികളെ സ്കൂളുകളില്‍ വരവേല്‍ക്കാനാണ് തീരുമാനം. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതല്‍ ഏഴുവരെയുളള ക്ലാസുകള്‍ മൂന്നുദിവസം വീതമുളള ഷിഫ്റ്റിലുമായിരിക്കും പ്രവര്‍ത്തിക്കുക. ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ പ്രവേശിപ്പിക്കാം. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും. മറ്റ് അദ്ധ്യാപക സംഘടനകളുമായും മന്ത്രി ചർച്ച നടത്തും. അതേസമയം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒരുവർഷത്തേയ്‌ക്ക് ഒഴുവാക്കുന്നതടക്കമുള്ള ഇളവുകളാണ് പ്രഖ്യാപിച്ചത്. സ്കൂളുകള്‍ എത്രയും വേഗം അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ എത്രയും വേഗം വാക്സിനെടുക്കണം എന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ എണ്ണം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തത വരുത്തും. ചെറിയ കുട്ടികള്‍ ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലും വലിയ കുട്ടികളുടെ കാര്യത്തില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ വീതവും ക്രമീകരിക്കാന്‍ നിര്‍ദേശമുണ്ട്.