കൊച്ചി:താൻ 100 രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ലെന്നും തനിക്ക് പാസ്‌പോർട്ട് ഇല്ലെന്നും മോന്‍സന്‍ മാവുങ്കലിന്റെ മൊഴി.പാസ്‌പോർട്ട് ഇല്ലാതെയാണ് മോൻസൻ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്‌ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ മാത്രമാണ്.സ്വന്തമായി ഒരു അക്കൗണ്ട് മാത്രമെ തനിക്ക് ഉള്ളൂ.മകളുടെ കല്യാണവുമായി ബന്ധപ്പെട്ട ചെലവിന് മൂന്ന് ലക്ഷം രൂപ സുഹൃത്തായ ജോർജിൽ നിന്നും കടം വാങ്ങി. കൂടെയുള്ളവർക്ക് ആറ് മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും മോൻസൻ മാവുങ്കൽ പറഞ്ഞു.വീട്ടുവാടകയായി അരലക്ഷം രൂപയാണ് നല്‍കേണ്ടത്. 30,000 രൂപയോളം വൈദ്യുതി ബില്‍ വരും. വീടിന്റെ സുരക്ഷയ്ക്ക് 25 ലക്ഷം രൂപയാകും. വീട്ടുവാടക നല്‍കിയിട്ട് എട്ട് മാസമായി. തട്ടിപ്പിലൂടെ കിട്ടുന്ന പണം കൊണ്ട് ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടി. പരാതിക്കാര്‍ക്ക് ബി.എം.ഡബ്ല്യൂ, പോര്‍ഷെ തുടങ്ങിയ ആഡംബര കാറുകള്‍ നല്‍കി. മകളുടെ പ്രതിശ്രുത വരന്റെ വീട്ടിൽ വരെ പരാതിക്കാര്‍ പണം ആവശ്യപ്പെട്ട് എത്തിയെന്നും മോന്‍സന്‍ പറയുന്നു.
അതേസമയം മോൻസൻ നാല് കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.മോൻസൻ വാങ്ങിയതിലേറെയും പണമായാണ്. സഹായികളുടെ അക്കൗണ്ടിലും നിക്ഷേപിച്ചു. ഇവരുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. മോൻസന്റെ ശബ്ദ സാംപിൾ ശേഖരിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനാണിത്. മോൻസന്റെ സഹായികളുടേയും അംഗരക്ഷകരുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും മോൻസൻ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ഇവർ മൊഴി നൽകിയത്. 2500 രൂപയ്‌ക്ക് ദിവസ കൂലിയ്‌ക്കാണ് അംഗരക്ഷകരെ നിയമിച്ചിരുന്നത്. തോക്കുധാരികളായ 12ഓളം അംഗരക്ഷകർ മോൻസനൊപ്പം ഉണ്ടായിരുന്നു, ഇവരുടെ പക്കലുണ്ടായിരുന്നത് കളിത്തോക്കാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.