Kerala, News

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം കണ്ടെത്തി; വിശദപഠനം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി

keralanews nipah virus presence found in the sample of bats collected from kozhikkode

തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.രണ്ടിനം വവ്വാലുകളിലാണ് നിപയ്‌ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. നിപ വൈറസ് ഈ വവ്വാലുകളിൽ ഉണ്ടായിരുന്നു എന്നതിനാലാണ് ഇവയിൽ ആന്റിബോഡികൾ കാണപ്പെട്ടത്.പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിഷയത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഐ.സി.എം.ആര്‍. പഠനം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കൂടുതല്‍ സാമ്പിളുകൾ പരിശോധിക്കേണ്ടതുണ്ട്. അതു കൂടി പരിശോധിച്ചശേഷം പുണെ എന്‍.ഐ.വി. ഫലം സര്‍ക്കാരിനെ അറിയിക്കും. സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്പിളുകൾ ശേഖരിച്ചത്.

Previous ArticleNext Article