കോഴിക്കോട് : കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്ത് വീടിനുള്ളിൽ നിന്നും അജ്ഞാത ശംബ്ദം ഉയരുന്നത് മൂലം ഭീതിയിലായി ഒരു കുടുംബം.കോണോട്ട് തെക്കെമാരത്ത് ബിജുവും കുടുംബവുമാണ് വീടിനുള്ളില്‍ നിന്നു ഭയപ്പെടുത്തുന്ന ശബ്ദങ്ങൾക്കും അനുഭവങ്ങൾക്കുമിടയിൽ ഭയപ്പാടോടെ ജീവിക്കുന്നത്.രണ്ടാം നില നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.പല തരം ശബ്ദങ്ങളാണ് വീടിനുള്ളിൽ നിന്ന് കേൾക്കുന്നതെന്ന് ബിജു പറയുന്നു. ചിലപ്പോൾ ആരോ നടക്കുന്നത് പോലെ. മുകൾ നിലയിൽ നിന്നും തറയ്‌ക്കടിയിൽ നിന്നുമൊക്കെ ശബ്ദം കേൾക്കാം. വെള്ളം കുത്തിയൊലിക്കുന്ന പോലത്തെ ശബ്ദവും കേൾക്കാം. വെള്ളം നിറച്ചുവെച്ച പാത്രം തുളുമ്പി പോകുന്നതും, വലിയ ശബ്ദത്തോടെ പൈലിങ് നടത്തുന്ന അനുഭവവും ഈ വീടിനുള്ളിൽ നിന്ന് ഉണ്ടാകും. ചിലപ്പോൾ, വലിയ ഇടിമുഴക്കവും കേൾക്കാം. അരമണിക്കൂർ കൂടുമ്പോൾ ഇത്തരം ശബ്ദങ്ങൾ കേൾക്കാമെന്നും ബിജു പറയുന്നു.അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു.