കൊച്ചി:ആലുവ രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂര്‍ സ്വദേശി നേവിസ് (25) ഇനി 7 പേരിലൂടെ ജീവിക്കും.നേവിസിന്റെ ഹൃദയം, കരള്‍, കൈകള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തു. വടവാതൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സില്‍ സാജന്‍ മാത്യുവിന്റെയും ഷെറിന്റെയും മകനും ഫ്രാന്‍സില്‍ അക്കൗണ്ടിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ നേവിസിന്റെ മസ്തിഷ്‌ക മരണം ഇന്നലെയാണു സ്ഥിരീകരിച്ചത്. വീട്ടിലിരുന്ന് ഓണ്‍ലൈനായാണു നേവിസ് പഠിച്ചിരുന്നത്. 16നു രാത്രിയിലെ പഠനം കഴിഞ്ഞു കിടന്ന യുവാവ് ഉണരാന്‍ വൈകിയതിനെ തുടർന്ന് സഹോദരി വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്നു കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്‌നം. ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ 20ന് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രി മസ്തിഷ്‌ക മരണം സംഭവിച്ചതോടെ നേവിസിന്റെ മാതാപിതാക്കള്‍ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായി. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലുള്ള രോഗിയിലാണു ഹൃദയം തുന്നിച്ചേര്‍ത്തത്. വൃക്കകളില്‍ ഒന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും മറ്റൊന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും. കൈകള്‍ കൊച്ചി അമൃത ആശുപത്രിയിലും നേത്രപടലങ്ങള്‍ അങ്കമാലി എല്‍എഫ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കു നല്‍കി. കരള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കു തന്നെയാണു നല്‍കിയത്.കോഴിക്കോട്ടെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ കൊച്ചിയിലെത്താന്‍ സമയമെടുക്കും എന്നതിനാല്‍ എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണു ഹൃദയം ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയത്.എറണാകുളത്ത് നിന്നും ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോടേക്ക് ഇന്നലെ വൈകുന്നേരം 4.10ന് പുറപ്പെട്ടു. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കി. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കി. മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ജനങ്ങളും ഉണര്‍ന്നു. വൈകുന്നേരം 7.15 കോഴിക്കോട് ആശുപത്രിയില്‍ മൃതദേഹം എത്തി. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിച്ചത്. നേവിസിന്റെ മൃതദേഹം പാലാ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ചൊവ്വ രാവിലെ കളത്തിപ്പടിയിലെ വീട്ടില്‍ കൊണ്ടു വരും. സംസ്‌കാരം 12.30നു വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം ശാസ്ത്രി റോഡിലെ സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയില്‍.