കണ്ണൂര്‍: എരുവേശ്ശിയില്‍ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു.ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്ബത് മണിക്കാണ് എരുവേശ്ശി മുയിപ്ര മലയോര ഗ്രാമത്തെ നടുക്കിയ സംഭവം ഉണ്ടായത്. സതീശന്‍ വാക്കത്തി കൊണ്ട് ഭാര്യ അഞ്ചുവിനെയും ഒന്‍പതുമാസം പ്രായമായ മകന്‍ ധ്യാന്‍ ദേവിനെയും പലതവണ വെട്ടുകയായിരുന്നു.പിന്നീട് അതേ കത്തി കൊണ്ട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. വീട് പുറത്ത് നിന്ന് പൂട്ടി തന്‍റെ അമ്മയെ ഒരു മുറിക്കകത്താക്കിയാണ് സതീശന്‍ കുഞ്ഞിനെയും ഭാര്യയെയും ആക്രമിച്ചത്. മുറിയിൽ നിന്നും നിലവിളി കേട്ടതിനെ തുടർന്ന് സതീഷിന്റെ സഹോദരനും നാട്ടുകാരും ഓടിയെത്തി വാതിൽ തല്ലിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. സതീഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനേയും അഞ്ജുവിനേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഞ്ജു അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. വിദേശത്ത് ഷെഫായി ജോലി ചെയ്യുകയായിരുന്ന സതീഷ് നാല് വർഷം മുൻപാണ് നാട്ടിലെത്തിയത്. അതേസമയം സതീഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി കുടുംബം വ്യക്തമാക്കി.സതീഷിനെ ഇന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കായി കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകമെന്ന് ബന്ധുക്കൾ പറയുന്നു.