Kerala, News

സംസ്ഥാനത്ത് നവംബർ 1 ന് തന്നെ സ്‌കൂളുകൾ തുറക്കും; ക്ലാസുകൾ ബയോബബിൾ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

keralanews schools in the state will open on november 1st education minister says classes will be organized on biobubble basis

തിരുവനന്തപുരം: നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. എന്നാല്‍ കുട്ടികളെ നിര്‍ബന്ധിച്ച്‌ സ്‌കൂളുകളില്‍ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.ശേഷം മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമേ സ്‌കൂള്‍ തുറക്കലില്‍ വ്യക്തമായ ധാരണയുണ്ടാകൂ.സ്‌കൂളുകള്‍ ഉച്ചവരെ മാത്രം മതിയെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. ഉച്ചയ്ക്ക് ശേഷം പതിവ് പോലെ ഓണ്‍ലൈന്‍ ക്ലാസും തുടരും. എന്നാല്‍ ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടാല്‍ കുട്ടികള്‍ എങ്ങനെ ഉടന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തുമെന്ന ആശയക്കുഴപ്പവും ഉണ്ട്. മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും അടുത്ത ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്ക് എന്നതും ചര്‍ച്ചകളിലുണ്ട്. ഇതിനൊപ്പം ഷിഫ്റ്റും പരിഗണിക്കും. എല്ലാ സാധ്യതയും പരിശോധിച്ചാകും സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുക.രോഗവ്യാപനം ഇല്ലാതാക്കാൻ കുട്ടികൾക്ക് ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. ആശങ്കയ്‌ക്ക് ഇടം നൽകാതെ കുട്ടികളെ സുരക്ഷിതരായി സ്‌കൂളുകളിൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ബയോബബിളില്‍ എങ്ങനെയാകും കുട്ടികളെ നിലനിര്‍ത്തുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കുന്നില്ല. ഐപിഎല്ലിലും മറ്റും ബയോ ബബിള്‍ ഉണ്ട്. അതായത് ഒരു പരിപാടിക്ക് പങ്കെടുക്കുന്നവരെ മറ്റൊരിടത്തും നിര്‍ത്താതെ ദീര്‍ഘകാലം സംരക്ഷിക്കുന്നതാണ് ബയോബബിള്‍. എന്നാല്‍ കേരളത്തിലെ സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ വീട്ടില്‍ പോകും. അതുകൊണ്ട് തന്നെ ക്രിക്കറ്റിലും മറ്റും നടപ്പിലാക്കുന്ന ബയോബബിള്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാൻ സാധിക്കുമോ എണ്ണത്തിലും ആശങ്കയുണ്ട്.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് എല്ലാം ബാധകമാകുന്ന പൊതുമാര്‍ഗരേഖ ആയിരിക്കും തയ്യാറാക്കുക. വലിയ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിലും ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിലും വ്യത്യാസം കൊണ്ടുവരാനാണ് സാധ്യത. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതും കൗണ്‍സിലിങ് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സ്‌കൂള്‍ അടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. അതിനിടെ സ്‌കൂള്‍ വാഹനത്തില്‍ ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമേ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവര്‍മാരടക്കമുള്ള വാഹനത്തിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരാകണം. ഇവരുടെ താപനില ദിവസവും പരിശോധിക്കണം. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെഎസ്‌ആര്‍ടിസി ബോണ്ട് സര്‍വീസ് ആരംഭിക്കും.വിദ്യാര്‍ത്ഥികളെ എത്തിക്കാനായി മറ്റ് കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്നും മന്ത്രി പറഞ്ഞു.

Previous ArticleNext Article