India, News

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ്​ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി സിബിഐ

keralanews cbi has found that there is massive fraud in connection with the neet exam

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി സിബിഐ.പരീക്ഷക്ക് ആള്‍മാറാട്ടം നടത്തുന്നതിനായി വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.കെ എഡ്യുക്കേഷന്‍ കരിയര്‍ ഗൈഡന്‍സ് സെന്‍ററും ഡയറക്ടര്‍ പരിമള്‍ കോത്പാലിവാറും കേസില്‍ പ്രതിയാണെന്നാണ് സൂചന. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ വിദ്യാര്‍ഥികളില്‍ നിന്ന് കോഴ വാങ്ങിയത്. വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷത്തിന്‍റെ ചെക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിയിരുന്നു.പിന്നീട് വിദ്യാര്‍ഥികളുടെ നീറ്റ് പരീക്ഷയുടെ യൂസര്‍ നെയിമും പാസ്വേര്‍ഡും ശേഖരിച്ച്‌ ഇതില്‍ കൃത്രിമം നടത്തി. തുടര്‍ന്ന് തട്ടിപ്പ് നടത്താന്‍ കഴിയുന്ന പരീക്ഷ സെന്‍റര്‍ ഇവര്‍ക്ക് തരപ്പെടുത്തി കൊടുത്തു. ആള്‍മാറാട്ടം നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ഫോട്ടോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തി. പിന്നീട് പരീക്ഷഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരാളാണ് പരീക്ഷക്കെത്തുക. ഇത്തരത്തില്‍ എത്തുന്നയാള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡും നല്‍കും.അഞ്ച് വിദ്യാര്‍ഥികള്‍ക്കായി ആര്‍.കെ എഡ്യുക്കേഷന്‍ ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്താന്‍ ആളുകളെ തയാറാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതോടെ തട്ടിപ്പില്‍ നിന്നും പിന്മാറിയെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ അറസ്റ്റുകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

Previous ArticleNext Article