തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂളുകളിൽ നേരിട്ടുളള അദ്ധ്യയനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും.സ്കൂൾ തുറക്കുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അടങ്ങിയ കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തുകയാണ് ലക്ഷ്യം.കോളേജുകളിലേക്കും സ്കൂളുകളിലേക്കുമുളള യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരക്ഷകർതൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.നവംബര്‍ ഒന്ന് മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍. പ്രൈമറി തലം മുതല്‍ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.