കോഴിക്കോട്: എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം നവാസ് എത്തിയത്.മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിനുമേല്‍ ചുമത്തിയിരിക്കുന്നത്.നേരത്തെ ഹരിതയിലെ പത്ത് അംഗങ്ങള്‍ ലൈംഗിക അധിക്ഷേപ പരാതി സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. ഈ പരാതിക്കാരായ പെണ്‍കുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനില്‍ വിളിക്കുകയും അവരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. അബ്ദുൾ വഹാബും സമാനമായ രീതിയിൽ പരിഹസിച്ചതായി ഹരിത നേതാക്കളുടെ പരാതിയിൽ പറയുന്നു.വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറാകാതിരുന്നതോടെ ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ച് വിട്ടതായി ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്തുവന്നാലും പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ഹരിത വ്യക്തമാക്കിയത്. പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഹരിത നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെ, ഹരിതയ്ക്ക് പിന്തുണയുമായി എം എസ് എഫിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ലത്തീഫ് തുറയൂര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവര്‍ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.