Kerala, News

കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം

keralanews widespread protest against the inclusion of savarkar and golwalkars books in the pg syllabus of kannur university

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസ്സില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. പബ്ലിക്ക് അഡ‍്മിനിസ്ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്‌എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്ന നിലപാട്.കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

എം.എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ്‌ കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.എം.എ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പി.ജി കോഴ്സ് ഈ വര്‍ഷം മുതലാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ആയി മാറിയത്. ഇന്ത്യയില്‍ തന്നെ ഈ കോഴ്സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ ബ്രണ്ണന്‍ കോളജില്‍ മാത്രമേ ഉള്ളൂ.

Previous ArticleNext Article