Kerala, News

നിപ്പ ഭീതി ഒഴിയുന്നു;പരിശോധിച്ച 30 പേരുടെ ഫലവും നെഗറ്റീവ്

keralanews nipah fear reduces result of 30 persons negative

കോഴിക്കോട്:സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിയുന്നു.പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.രോഗലക്ഷണമുള്ള 17 പേരിൽ 16 പേർക്കും നിപ്പ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ നിരീക്ഷണത്തിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്.42 ദിവസം നിരീക്ഷണം തുടരും.ചെറിയ പനി, തലവേദന എന്നിവയടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.പൂനെയിലേക്ക് അയച്ച 21 സാമ്പിൾ ഫലം കൂടി വരാനുണ്ട്. അതേസമയം പ്രദേശത്ത് പരിശോധന നടത്താനായി എൻഐവി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോട് എത്തും. സംഘം ഭോപ്പാലിൽ നിന്നും ഇന്ന് പുറപ്പെടും. ഇന്നലെ പുതുതായി 10 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൗസ് ടു ഹൗസ് സർവ്വേ വിജയകരമായി പുരോഗമിക്കുകായാണെന്നും നിപയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ അവസാന കേസ് റിപ്പോര്‍ട്ട് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ പൂര്‍ണമായും ഈ കേസില്‍ നിന്ന് മറ്റ് കേസുകളില്ല, നിപ മുക്തമായി എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Previous ArticleNext Article