തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് അവരുടെ കാര്യക്ഷമതയ്ക്കനുസരിച്ച് മാർക്കിടാൻ ഉള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി സംഘടനകൾ. ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു പുതിയ തീരുമാനം. പുതിയ തീരുമാനം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി ജോയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധമുയർന്നത്.സെക്രട്ടേറിയറ്റിൽ നിന്നു മറ്റു സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടുക,അതിന്റെ പേരിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയ്ക്കെതിരെയാണ് സംഘടന പ്രതിനിധികൾ പ്രതിഷേധമുയർത്തിയത്.സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയമായതിനെ തുടർന്ന് പുതിയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്താനായി ഒന്ന് മുതൽ പത്ത് വരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കുള്ള മാറ്റം,ഓരോ വകുപ്പിലും നിശ്ചിത കാലത്തെ നിർബന്ധിത സേവനം, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുളളവർ ഒരു വകുപ്പിൽ കുറഞ്ഞത് രണ്ട് വർഷം ഉണ്ടായിരിക്കണം,മൂന്ന് വർഷത്തിന് ശേഷം മറ്റൊരു വകുപ്പിലേക്കുള്ള നിർബന്ധിത മാറ്റം തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് ഭരണപരിഷ്കാര കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ കമ്മീഷൻ മുന്നോട്ട് വച്ച പരിഷ്ക്കാരങ്ങൾ പലതും പ്രായോഗികമല്ലെന്ന അഭിപ്രായമാണ് ജീവനക്കാർക്കുള്ളത്.