കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഏജന്റുമാരിലേക്കും വിതരണക്കാരിലേക്കും നീളുന്നു. ചെന്നൈയിൽ നടന്ന ലഹരി ഇടപാടിൽ ഇടനിലക്കാരായി നിന്നത് മലയാളികളാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗോവയിലേക്ക് മുങ്ങിയതായാണ് സൂചന.കഴിഞ്ഞ രണ്ട് ദിവസം പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും നടത്തിയ തെളിവെടുപ്പിൽ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ എക്സൈസിന് ലഭിച്ചു. ഗോവയിലേക്ക് കടന്നവരും മയക്കുമരുന്ന് വിൽപ്പനക്കാരേയും ഉടൻ പിടികൂടാനാകുമെന്നാണ് വിവരം. അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് കഴിഞ്ഞ ദിവസമാണ് 1.86 കിലോ ഗ്രാം തൂക്കം വരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. പ്രതികളിൽ നിന്നും കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കാക്കനാട്ടെ ഫോറെൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കും.