തിരുവനന്തപുരം: ഡിസിസി പുനഃസംഘടനാ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ്സിൽ വ്യാപക പ്രതിഷേധം;ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വിമർശനവുമായി രംഗത്തെത്തി.വേണ്ടത്ര ചർച്ചകളോ കൂടിയാലോചനകളോ കൂടാതെയാണ് സംസ്ഥാന നേതൃത്വം ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കിയതെന്നാണ് ഇവരുടെ ആരോപണം.പട്ടിക പരസ്യപ്പെടുത്തിയും കടുത്ത വിമർശനം ഉന്നയിച്ചും ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയെങ്കിലും തൊട്ടുപിന്നാലെ മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമെത്തി.ഇതോടെ പാർട്ടി സമീപകാലത്തില്ലാത്തവിധം പ്രതിസന്ധിയിലായി.ഇതോടെ എഗ്രൂപ് നേതാവ് ഉമ്മൻ ചാണ്ടിയും ഐ വിഭാഗം നേതാവ് രമേശ് ചെന്നിത്തലും ഒരു വശത്തും കെ സുധാകരനും വി ഡി സതീശനും മറുവശത്തുമായി പോരുകനത്തു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രെട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് സംസ്ഥാന നേതൃത്വം മുതിർന്ന നേതാക്കളെ വെട്ടിയൊതുക്കാൻ ശ്രമിക്കുന്നതെന്ന ആരോപണവും എ, ഐ ഗ്രൂപ്പുകാർ ഉന്നയിച്ചു. ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം സുധാകരന് പറഞ്ഞത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നാണ് സുധാകരന് പറയുന്നത്.ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. അന്ന് വി ഡി സതീശനും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ തര്ക്കമുണ്ടാകില്ലായിരുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്ന് അടുത്തവൃത്തങ്ങളും പറയുന്നു. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്കിയ ലിസ്റ്റാണ് സുധാകരന് കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടുന്നു.