കണ്ണൂർ:ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റ് ഇട്ടവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ്.ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്.പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും.നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇ ബുള്‍ ജെറ്റ് വ്ലോഗേഴ്സിന്റെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെയും കേസെടുത്തിരുന്നതാണ്. കഴിഞ്ഞ ആഴ്ചയാണ് വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പോലീസിനെയും, മോട്ടോര്‍വാഹന വകുപ്പിനെയും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിരവധി പോസ്റ്റുകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ ആളുകള്‍ പ്രചരിപ്പിച്ചത്. കേരളം കത്തിക്കുമെന്നും, പോലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്നുമുള്ള തരത്തിലുള്ള ഭീഷണികളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് നടപടി.