വിശാഖപട്ടണം: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍വച്ച് കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ നഗരത്തില്‍ സ്വാതന്ത്ര്യദിനമായ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി രമ്യശ്രീ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശശികൃഷ്ണ(22) എന്നയാളാണ് അറസ്റ്റിലായത്.ഗുണ്ടൂരിലെ കാകനി റോഡില്‍കൂടി രമ്യശ്രീ നടന്നു വരുന്നതിനിടെ ഇവിടെ ബൈക്കിലെത്തിയ ശശികൃഷ്ണ രമ്യശ്രീയുടെ സമീപത്ത് എത്തി ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരസിച്ച് നടന്നു നീങ്ങാന്‍ ഒരുങ്ങിയ ശശികൃഷ്ണ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും തുടരെ കുത്തിവീഴ്ത്ത്തുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ശശികൃഷ്ണ ഉടന്‍ ബൈക്കില്‍ കയറി രക്ഷപെട്ടു.ഗുരുതരമായി പരിക്കേറ്റ രമ്യശ്രീയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗുണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളില്‍നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ശശികൃഷ്ണയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തിയ പൊലീസ് ശശികൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.