കണ്ണൂര്‍: ഇ ബുള്‍ജെറ്റ് സഹോദരന്മാര്ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.ഉച്ചക്ക് ശേഷം കോടതി കേസ് പരിഗണിച്ചപ്പോഴാണ് ജാമ്യം നല്‍കിയത്. എല്ലാ ബുധനാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി ഒപ്പിടണമെന്നാണ് കോടതി നിര്‍ദ്ദേശം. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ ജാമ്യം തേടി എബിനും ലിബിനും കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിരുന്നു. ഇവരെ പൊലീസ് മര്‍ദിച്ചതായി അഭിഭാഷകന് ചൂണ്ടിക്കാട്ടി.ചുമലിലും കൈകള്‍ക്കും പരിക്കേറ്റതായും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അഭിഭാഷകന് മജിസ്ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആര്.ടി.ഒയും പൊലീസും പ്രവര്‍ത്തിച്ചതെന്നും അഭിഭാഷകന് ആരോപിച്ചിരുന്നു.നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം എന്ന് ഇവര്‍ അറിയിച്ചിരുന്നു.അതേസമയം, അനധികൃതമായി വാഹനത്തിന്റെ രൂപം മാറ്റിയതിനും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് യൂടൂബര്‍മാരുടെ വാഹന രജിസ്ട്രേഷന് റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനമോടിച്ചു, റോഡ് നിയമങ്ങള്‍ പാലിച്ചില്ല എന്നീ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി. ഇ ബുള്‍ ജെറ്റ് സഹോദരന്മാർക്കെതിരെ കൂടുതല്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ പറഞ്ഞു. പഴയ വീഡിയോകളിലെ നിയമലംഘനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.