തിരുവനന്തപുരം: തലസ്ഥാന നഗരി ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ. പാതയോരങ്ങളിലെല്ലാം പൊങ്കാല അടുപ്പുകളുടെ നീണ്ട നിര കാണാം. വർഷത്തിലൊരിക്കൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി ജനലക്ഷങ്ങളാണ് അനന്തപുരിയിൽ എത്തിയിട്ടുള്ളത്. ദിവസങ്ങൾക്കു മുൻപുതന്നെ ക്ഷേത്രമുറ്റവും പരിസരവും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞിരുന്നു.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റര് അകലെ കിള്ളിയാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങെന്ന നിലയിൽ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കുന്നു.