തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കോവിഡ് നിര്‍ദേശങ്ങളില്‍ കര്‍ശന പരിശോധന ഒഴിവാക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍.കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍റെ പുതിയ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയേണ്ടതിലെന്നാണ് പുതിയ നിര്‍ദേശം. അതേസമയം തന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉറപ്പാക്കും.എസ്പിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് പുതിയ നിര്‍ദേശം കൈമാറിയിരിക്കുന്നത്. ഉത്തരവ് ഇറങ്ങിയതിനെ പിന്നാലെ തന്നെ പുതിയ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭയിലും വിഷയം ചര്‍ച്ചയായെങ്കിലും കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. എന്നാല്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു.പുതിയ നിര്‍ദേശ പ്രകാരം കടകള്‍, കമ്ബോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രവര്‍ത്തിക്കാവുന്നതാണ്. എല്ലാ കടകളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും അവിടുത്തെ സ്റ്റാഫുകള്‍ വാക്സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും ഒരേ സമയം പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതാണ്.അത്തരം സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും തിരക്കും ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടത് പ്രസ്തുത സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി എന്‍ഫോസ് മെന്‍റ് ഏജന്‍സികള്‍ പരിശോധനകള്‍ നടത്തുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.