Kerala, News

കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

keralanews flight service from kannur to uae resumed

മട്ടന്നൂർ: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി.ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇയില്‍ ഇറങ്ങാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.ഇപ്പോള്‍ കൊച്ചിക്ക് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സര്‍വീസ് നടത്തുക.വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടത്തുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റുകള്‍ക്കുള്ള സൗകര്യം വിമാനത്താവളത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിച്ച്‌ മൂന്ന് മണിക്കൂര്‍ കൊണ്ട് 500 പേരെ പരിശോധിക്കാനാവും. ടെര്‍മിനലില്‍ 10 കൗണ്ടറുകളുണ്ട്. 15 മിനിട്ടുകള്‍ കൊണ്ട് ടെസ്റ്റിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും.3000 രൂപയാണ് ഫീസ്. പരിശോധനയ്ക്കായി വാട്‌സപ്പിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവും. പരിശോധനാ കേന്ദ്രത്തിലും വാട്‌സപ്പ് സന്ദേശമായും പരിശോധനാഫലം ലഭിക്കും. 10 കൗണ്ടറുകളില്‍ വയോധികര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി രണ്ട് കൗണ്ടറുകള്‍ വീതം മാറ്റിവച്ചിരിക്കുകയാണ്. അതേസമയം ഇളവ് മുതലെടുത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 28,000 മുതല്‍ 37,000 രൂപ വരെയാണ് നിരക്ക്.ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് നിരക്കില്‍ ഒന്നാമത്, 37,000 രൂപ. ഫ്‌ലൈ ദുബായ് –31,000, എയര്‍ അറേബ്യ– 29,000. ചുരുങ്ങിയ നിരക്കുണ്ടായിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസും 28,000 രൂപവരെ കുത്തനെ കൂട്ടി. നിയന്ത്രണങ്ങളോടെയാണെങ്കിലും സര്‍വീസ് പുനരാരംഭിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. നേരത്തെ ഖത്തര്‍ വഴി മാത്രമായിരുന്നു യാത്രാനുമതി.

Previous ArticleNext Article