തലശ്ശേരി:ആഡംബര കാറിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലിസ്. ചമ്പാട് സ്വദേശി അഫ്‌ലാഹ് ഫറാസ്(19) ആണ് മരണപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ഉന്നതര്‍ക്ക് ഒത്താശ ചെയ്ത് പോലിസ് നിസ്സംഗത കാട്ടുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ ബലിപെരുന്നാളിനു രണ്ടു ദിവസം മുൻപ് ജൂലൈ 19ന് തലശ്ശേരിയില്‍ വച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഫ്‌ലാഹ് ഫറാസ് മരണപ്പെട്ടത്. എന്നാല്‍, അപകടം വരുത്തിയ ആഡംബര കാറിന്റെ നമ്പർ പ്ലേറ്റ് അല്‍പ്പസമയത്തിനകം നീക്കിയത് നാട്ടുകാരിൽ സംശയം വര്‍ധിപ്പിച്ചു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പോലിസ് പ്രതികളെ പിടികൂടാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. റോഡില്‍ സാഹസിക അഭ്യാസം കാട്ടിയവരാണ് അപകടം വരുത്തിയതെന്നും ഇവര്‍ക്കെതിരേ മനപൂര്‍വമുള്ള നരഹത്യയ്ക്കു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ തലശ്ശേരി പോലിസ് ഐപിസി 279, 304 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും കാറോടിച്ച റൂബിന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. പ്രതികൾ ഇതിനു മുൻപും ഇത്തരത്തില്‍ റോഡില്‍ സാഹസികാഭ്യാസം നടത്തി അപകടം വരുത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. എന്നാല്‍, കാറോടിച്ചയാള്‍ ഒളിവിലാണെന്നും പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലിസ് പറയുന്നത്.