Kerala, News

ഭര്‍ത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നൽകി; ബാങ്ക്ജീവനക്കാരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

keralanews quotation given to attack friend of husband police intensify search for bank employee

കണ്ണൂര്‍: പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ബാങ്ക് ജീവനക്കാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. പരിയാരം സ്വദേശിയായ കരാറുകാരന്‍ സുരേഷ് ബാബുവിനെ (52) വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയത്.കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നെരുവംബ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39) നീലേശ്വരം പള്ളിക്കരയിലെ പി. സുധീഷ് (39) എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന് പിന്നില്‍ കേരള ബാങ്ക് ജീവനക്കാരി സീമ (42) യാണെന്ന് വ്യക്തമായത്. ഭര്‍ത്താവിനെ നിയന്ത്രിക്കുന്നതിലുള്ള വിദ്വേഷമാണ് ഭര്‍ത്താവിന്റെ ആത്മസുഹൃത്തായ സുരേഷ് ബാബുവിനെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 18 ന് രാത്രി എട്ട് മണിയോടെ സുരേഷ് ബാബു ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരിയിലാണ് മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്. പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. പിന്നീട് കൊട്ടേഷന്‍ സംഘം സുരേഷ് ബാബുവിനെ നിരന്തരം നിരീക്ഷിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ കൃത്യം നടത്തിയത്.

സംഭവം നടന്ന ഏപ്രില്‍ 18ന് രണ്ടുമാസം മുന്‍പാണ് കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന സീമ നേരത്തെ പരിചയമുണ്ടായിരുന്ന രതീഷുമായി ബന്ധപ്പെടുന്നത്. തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുകയാണെന്നും കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും ഇയാളെ കൈകാര്യം ചെയ്യാന്‍ പറ്റിയയാളുണ്ടോയെന്നും ചോദിച്ചു. തുടര്‍ന്ന് രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ സുരേഷ് ബാബുവിനെ നിരന്തരം പിന്തുടര്‍ന്നുവെങ്കിലും കൂടെ മറ്റാളുകള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടപ്പാക്കാന്‍ സാധിച്ചില്ല.ഈ സമയത്താണ് ഇവര്‍ പരിചയക്കാരനായ നീലേശ്വരം പള്ളിക്കരയിലെ സുധീഷുമായി ബന്ധപ്പെട്ടത്. സംഭവം നടന്ന 18ന് വൈകിട്ട് തന്നെ കാറുമായി നെരുവമ്ബ്രത്ത് എത്തിയ സുധീഷ് പ്രതികളെയും കയറ്റി കാറുമായി ആയുര്‍വേദ കോളജ് പരിസരത്ത് കറങ്ങി. രാത്രി എട്ടോടെ റോഡിലൂടെ പോയപ്പോള്‍ സുരേഷ് ബാബു ഒറ്റക്ക് വീട്ടുവരാന്തയില്‍ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് കാര്‍ സുരേഷ് ബാബുവിന്റെ വീട്ടുപരിസരത്ത് നിര്‍ത്തിയശേഷം സുധീഷും ജിഷ്ണുവുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും ആക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. വെട്ടേറ്റ സുരേഷ് ബാബു ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Previous ArticleNext Article