തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ.വാരാന്ത്യ ലോക്ക് ഡൗണും പഞ്ചായത്തുകൾ കേന്ദ്രികരിച്ചുള്ള അടച്ചിടലും ഒഴിവാക്കാനാണ് ആലോചന.കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം എടുക്കുക.തുടർച്ചയായി അടച്ചിട്ടിട്ടും കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണമോ ടി പി ആറോ കുറയുന്നില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ രീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. വാരാന്ത്യ ലോക്ക് ഡൗൺ, ഇടവിട്ടുള്ള കട തുറക്കൽ എന്നിവ ഒഴിവാക്കി പൂർണ്ണ സമയവും കടകൾ തുറക്കാൻ അനുമതി നൽകും. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള അടച്ചിടൽ ഒഴിവാക്കി രോഗം റിപ്പോർട്ട് ചെയ്യുന്ന വാർഡുകളിൽ മാത്രം ലോക്ക് ഡൗൺ ഏർപ്പെടുത്തും.വ്യാപകമായി നടത്തുന്ന പരിശോധനകൾക്കൊപ്പം രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയുള്ള പരിശോധന വീണ്ടും കൊണ്ടുവരും. ചൊവ്വാഴ്ച ചേരുന്ന യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിശോധിക്കും.